കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിലവിൽ വന്ന കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ നിയമനടപടിയിലേക്ക്. പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും കോർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുംമായ ബിബിൻ ടി. ആലപ്പാട്ട് കോംപറ്റീഷ്യൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ ഹർജി നൽകി.
സ്വകാര്യ ബസ് മേഖലയുടെ വിപണിയിലെ മത്സരക്ഷമതയെ പൂർണ്ണമായും തകർക്കുന്നതാണ് ഈ പദ്ധതിയെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. പൊതുമേഖലാ സ്ഥാപനത്തിന് മാത്രം അന്യായമായ മേൽക്കൈ നൽകുന്ന ഈ നീക്കം വിപണിയിലെ തുല്യതയ്ക്കും സ്വാഭാവിക നീതിക്കും എതിരാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
സൗജന്യ യാത്ര ലഭ്യമായതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരിൽ വലിയൊരു വിഭാഗം സ്വകാര്യ ബസുകൾ ഉപേക്ഷിച്ച് കെഎസ്ആർടിസിയിലേക്ക് കൂട്ടത്തോടെ മാറി. ഇത് സ്വകാര്യ ബസ് മേഖലയുടെ വരുമാനത്തിൽ കനത്ത ഇടിവാണ് ഉണ്ടാക്കിയത്. നിലവിൽ ഈ മേഖലയിൽ സർവീസുകൾ മുന്നോട്ട് കൊണ്ടുപോകുന്നത് സാമ്പത്തികമായി തീർത്തും ലാഭകരമല്ലാതായി മാറിയിരിക്കുകയാണ്.
പദ്ധതി നിലവിൽ വന്നതിന് പിന്നാലെ സംസ്ഥാനത്ത് ഇതിനോടകം തന്നെ 750-ഓളം സ്വകാര്യ ബസുകൾ സർവീസ് പൂർണമായി നിർത്തലാക്കിക്കഴിഞ്ഞു. ഈ ആനുകൂല്യം ഇതേ രീതിയിൽ മുന്നോട്ടുപോയാൽ കൂടുതൽ സർവീസുകൾ അവസാനിപ്പിക്കാൻ ഉടമകൾ നിർബന്ധിതരാകും. ഇത് സ്വകാര്യ ബസ് മേഖലയിൽ വലിയ തോതിലുള്ള സാമ്പത്തിക ബാധ്യതയ്ക്കും ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിനും കാരണമാകുമെന്നും ഹർജിയിൽ ആശങ്ക പ്രകടിപ്പിക്കുന്നു.